Thursday, November 14, 2019

കൊടൈക്കനാലിന്റെ ഉൾഗ്രാമങ്ങളിലൂടെ

മന്നവന്നൂർ ഏറെ മാറിയിരിക്കുന്നു. 2013 ൽ റോമൻസ് എന്ന ചിത്രം കണ്ടു മനസ്സിൽ പതിഞ്ഞ ആ ഷൂട്ടിംഗ് ലൊക്കേഷൻ ഏതെന്നുള്ള അന്വേഷണം കൊണ്ടെത്തിച്ചത് സംവിധായകൻ ബോബൻ സാമുവലിന്റെ ഫേസ്ബുക് പ്രൊഫൈൽ പേജിൽ . അന്നാണ് ആദ്യമായി ആ മനോഹര ഗ്രാമത്തെ കുറിച്ച് കേട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ അവിടം തേടി യാത്രയായി. കൊടൈക്കനാലിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ. അന്ന് പൂന്പാറ ഗ്രാമം കഴിഞ്ഞുള്ള വഴി വളരെ മോശവും. ഒടുവിൽ അവിടെ എത്തിയപ്പോൾ റോമൻസ് ഷൂട്ടിങ്ങിന്റെ ബാക്കി പത്രമായി ഇരുന്പും, കാർഡ്‌ബോർഡും, പ്ലാസ്റ്റർ ഓഫ് പാരീസും കൊണ്ട് തീർത്ത ആ പള്ളിമണി ഗോപുരവും കാണിക്കവഞ്ചിയും പൊളിഞ്ഞു വീഴാറായി നില്കുന്നു. സിനിമയിൽ പള്ളിയുടെ മുന്നിലാണ് ഇത് രണ്ടും എങ്കിലും, പള്ളി യഥാർത്ഥത്തിൽ 40 കിലോമീറ്റർ ദൂരെ കൊടൈക്കനാലിനടുത്ത് തന്നെ ആയിരുന്നു. വിരലിലെണ്ണാവുന്ന സന്ദർശകർ മാത്രം. ഇന്നത്തെ പോലെ പ്രവേശന ഫീസോ, ടിക്കറ്റ് കൗണ്ടറോ ഇല്ല. പച്ചവിരിച്ച പുൽമേടുകളും, തെളിനീല ജലാശയവും, ആ വെള്ളത്തിൽ തൊട്ടു തൊട്ടില്ല എന്ന പോലെ പറക്കുന്ന പേരറിയാത്ത പക്ഷികളും, കുന്നിൻ ചെരുവിൽ മേയുന്ന ചെമ്മരിയാടിൻ പറ്റങ്ങളും, അകലെ അതിർത്തി തീർക്കുന്ന പൈൻ മരക്കാടുകളും, നിശബ്ദതയെ ഭഞ്ജിക്കാൻ ചെറുകിളികളുടെ കളാകളാരവവും, ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റിന്റെ മർമരവും മാത്രം - വായിച്ചു മറന്ന ഏതോ നോവലിലെ യൂറോപ്യൻ ഗ്രാമീണ പശ്ചാത്തലം പോലെ.

ഇന്നതു മാറി. ടിക്കറ്റ് കൌണ്ടറായി, തടാകത്തിൽ സന്ദർശകർക്കായി വഞ്ചികൾ, തലങ്ങും വിലങ്ങും കുതിര സവാരി, നിറയെ സഞ്ചാരികൾ, ശബ്ദ കോലാഹലം. ഭാഗ്യം, ഇത്തരം സ്ഥലങ്ങളിൽ കാണുന്ന പോലെ പ്ലാസ്റ്റിക് വേസ്റ്റ് ഒന്നും ആയിട്ടില്ല. പ്രവേശന കവാടത്തിനടുത്ത് ബൈക്ക് വച്ച് ടിക്കറ്റ് എടുത്ത് ഉള്ളിലേയ്ക് നടക്കുന്പോൾ നിരാശയായിരുന്നു ഉള്ളിൽ. ഒന്നാലോചിച്ചാൽ മന്നവന്നൂർ മാത്രമായിരുന്നില്ലല്ലോ ഈ യാത്രയുടെ ലക്‌ഷ്യം. തടാകക്കരയിൽ കരിഞ്ഞുണങ്ങിയ പുല്ലിൽ ഇരിക്കുന്പോൾ ഓർക്കുകയായിരുന്നു, എത്ര പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ഈ യാത്ര. ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടാണ് ഒരു ബൈക്ക് യാത്ര. 2017 അവസാനിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രം. ഡിസംബറിലെ തണുപ്പ് നഷ്ടമാകുന്നതിനു മുന്നേ പോകണം. മാസത്തിലെ അവസാന വാരാന്ത്യം. മുൻപ് പല തവണ പോയിട്ടുണ്ടെങ്കിലും ഇത്തവണയും കൊടൈക്കനാൽ തന്നെ ലക്ഷ്യമാക്കിയത് അവിടത്തെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ വിട്ട് മറ്റു വഴികളിലൂടെ പോകാൻ വേണ്ടിയാണ്. വണ്ടി സർവീസ് ചെയ്തു ടയർ മാറ്റി കിട്ടിയപ്പോൾ വെകുന്നേരമായി. അത്ര നീണ്ട യാത്രയൊന്നും അല്ലാതിരുന്നിട്ടും പാക്കിങ് എല്ലാം കഴിഞ്ഞ് ഉറങ്ങിയപ്പോൾ നേരം വളരെ വൈകി.

രാവിലെ 6 മണിയ്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. പാർവതീപുരത്തുനിന്ന് ഇടത്തേയ്ക് തിരിഞ്ഞ് പൂക്കളുടെ ഗ്രാമമമായ തോവാളയും, ആരുവായ് മൊഴിയും കഴിഞ്ഞ്, ഇടതുവശം പാടങ്ങളും അതിനപ്പുറം സഹ്യപർവതം തലയുയർത്തി നിൽക്കുന്നതുമായ വഴിയരികിൽ കണ്ട ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിനു നിർത്തുന്പോൾ സമയം 8:30. ഒരു മസാലദോശയും ചായയും കഴിച്ചു തുടർന്ന യാത്ര കാവൽക്കിണർ എത്തി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഹൈവേ ആയ NH 44 ന്റെ 6 ട്രാക്ക് വിശാലതയിലൂടെ ശക്തമായ കാറ്റും ഏറ്റ്, എണ്ണമറ്റ കാറ്റാടി യന്ത്രങ്ങളുടെ കാഴ്ചയും, തിരുനെൽവേലിയും വിരുദുനഗറും മധുരയും പിന്നിട്ട് വഴിയരികിലെ ഒരു ഹോട്ടലിൽ ഉച്ചഭക്ഷണവും കഴിഞ്ഞ് മുന്നോട്ട് . പിന്നെ NH - നോട് വിടപറഞ്ഞ് ബത്തലക്കുണ്ട് വഴി കോടൈയിലേക്കുള്ള ഹെയർപിന്നുകൾ കയറിത്തുടങ്ങിയതോടെ അത് വരെയുള്ള പൊരിയുന്ന വെയിലിനും ചൂടിനും ശമനം. ഇനി കൊടൈയുടെ കുളിർമയിലേക്ക്. 4 മണിയോടെ ഹോട്ടലിലെത്തി കുളി കഴിഞ്ഞ് കുറച്ച് വിശ്രമം.

പകൽ തീരാറായതോടെ പുറത്തേക്കിറങ്ങി, നല്ല തണുപ്പ്. പലതവണ വന്ന ഓർമകളുമായി തടാകത്തിനു അരികിലൂടെ കുറെ നടന്നു. തെരുവ് കച്ചവടം തകൃതിയായി നടക്കുന്നു. ടിബറ്റൻ മാർക്കറ്റിൽ നിരത്തിയിട്ട കന്പിളികൾക്കിടയിലൂടെ ചെറിയ കണ്ണുകളും തുടുത്ത കവിളുകളുമുള്ള സുന്ദര മുഖങ്ങൾ. ബ്രയാൻ പാർക്കിനരികിൽ കുറെ നേരം ഇരുന്നു. പെട്ടെന്നാണ് കണ്ടത്, അവിടെ നിന്നും മുകളിലേക്കുള്ള ചെറിയ വഴിയിലൂടെ 3 കാട്ടുപോത്തുകൾ. രണ്ടു മുതിർന്നതും ഒരു കുട്ടിയും. ടൗണിൽ കാട്ടുപോത്തുകൾ ഇറങ്ങാറുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കാണുന്നത്. തിരക്കേറിയ ആ വഴിയിലൂടെ ശാന്തരായി നടന്നു പോകുന്നു. ഡിസംബർ അവസാനത്തിലെ തണുപ്പിന് കാഠിന്യം ഏറിയപ്പോൾ 9 മണിയോടെ ഭക്ഷണവും കഴിച്ച്‌ തിരിച്ച് റൂമിലെത്തി ഉറങ്ങി.

രണ്ടാം ദിവസം പ്രഭാത ഭക്ഷണവും കഴിഞ്ഞു ഒരു ചെറിയ ബാഗും ക്യാമറയും മാത്രം എടുത്ത് ഇറങ്ങി. ആദ്യം Cocker's Walk ലൂടെ നടന്നിറങ്ങി. ബൈക്ക് എടുത്ത് പെട്രോളും നിറച്ച് Observatory റോഡ് വഴി പൂന്പാറയിലേക്കു തിരിച്ചു. ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് പൂന്പാറയിലേക്ക്. ഒരു വശത്ത് പൈൻമരങ്ങളും, മറുവശത്ത് പഴനി മലഞ്ചെരുവിന്റെ അഗാധതയ്കും ഇടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഇടുങ്ങിയ വഴി. ഇടയൊക്കൊരു വ്യൂ പോയിന്റ് ഉണ്ട്. അവിടെ നിന്ന് നോക്കിയാൽ പഴനി ക്ഷേത്രം കാണാമെന്നാണ്. ഇത്തവണയും കോടമഞ്ഞിന്റെ ആവരണം ആ കാഴ്ചയെ മറച്ചു. ഇടതു വശത്തു ചെറിയൊരു കുന്നിൻ മുകളിൽ മഹാലക്ഷ്മി ക്ഷേത്രം. കുറച്ച് ചെറിയ കടകൾ ഉണ്ട് വഴിയരികിൽ. അവിടെ നിർത്തി ബ്രഡും ഓംലെറ്റും മസാല ചായയും കഴിച്ചു.

കുറച്ചു കൂടി മുന്നോട്ടു ചെല്ലുന്പോൾ വഴിയിൽ നിന്ന് തന്നെ വലതുവശത്തു താഴേക്കു നോക്കുന്പോൾ കാണാം, പഴനി മലനിരകൾക്കിടയിൽ ചേർത്തടുക്കി വച്ച ഓടുമേഞ്ഞ വീടുകളും മലഞ്ചെരിവുവുകളെ തട്ട് തട്ടായി തിരിച്ച കൃഷി സ്ഥലങ്ങളും. മനോഹരമായ കാഴ്ചയാണ് ഉയരെ നിന്ന് ആ താഴ് വരയിലേക്ക് നോക്കുന്പോൾ. പലപ്പോഴും മഞ്ഞിന്റെ മൂടുപടം ആ കാഴ്ചയെ മറയ്ക്കും. പ്രധാനമായും കൃഷിയെ ആശ്രയിച്ചു കഴിയുന്ന ആയിരത്തഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ. മൂവായിരത്തിൽ പരം വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഒരു ക്ഷേത്രം ഗ്രാമ മധ്യത്തിൽ തന്നെ കാണാം. വലത്തേക്കു തിരിഞ്ഞു പൂന്പാറ ഗ്രാമത്തിലേക്കുള്ള റോഡിലൂടെ പോയി.

ഗ്രാമത്തിലേല്ക് വിനോദ സഞ്ചാരികളെയും കൊണ്ട് ധാരാളം വാനുകൾ വരുന്നുണ്ട്. തട്ടു തട്ടായുള്ള കൃഷി സ്‌ഥലങ്ങളിൽ അവരിൽ പലരും ഇറങ്ങി അവിടെയുള്ളവരോട് സംസാരിച്ചു നിൽക്കുന്നുമുണ്ട്. വെളുത്തുള്ളി, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, കോളിഫ്‌ളവർ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. ഗ്രാമത്തിൽ പ്രവേശിച്ച്, ആ ക്ഷേത്രത്തിനരികിലൂടെ, മുകളിൽ നിന്നും തീപ്പെട്ടി കൂടുകൾപോലെ കണ്ട ഓടിട്ട കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ചെറിയ വഴികളിലൂടെ പോയി, ആ മലമടക്കിൽ തിങ്ങി പാർക്കുന്ന അവരുടെ ചെറിയ വീടുകളും വിപണികളും കണ്ടു. പലയിടത്തും വെളുത്തുള്ളിയുടെ മണം. പച്ചക്കറികൾ തരം തിരിച്ച്‌ ചാക്കുകളിൽ നിറയ്ക്കുന്നവർ. മുറ്റമില്ലാത്ത വീടുകൾക്കു മുന്നിൽ വഴിയിൽ നിന്ന് കളിക്കുന്ന കുട്ടികൾ. പലതവണ മുകളിൽ നിന്ന് ഈ ഗ്രാമത്തിന്റെ വിദൂര ദൃശ്യം കണ്ടിട്ടുണ്ടെങ്കിലും അതിനുള്ളിലേക്ക് ഇറങ്ങി ചെന്നത് ആദ്യം.. പൂന്പാറയോട് വിടപറഞ്ഞ് മുകളിലേക്കു പോകുന്പോൾ ആ തട്ടു കൃഷിയിടങ്ങളിൽ തങ്ങളുടെ അദ്ധ്വാനത്തിനിടയിലും വിനോദ സഞ്ചാരികളോട് സംസാരിച്ചു നിൽക്കുന്ന ഗ്രാമീണർ..

പൂന്പാറ വിട്ട് മന്നവന്നൂരിലേക്ക്.. ഏകദേശം 15 കിലോമീറ്റർ ഉണ്ട്. റോഡ് ഏറെക്കുറെ വിജനമായിരുന്നു. അവിടെ എത്തുന്നതിനു മുന്നേ റോഡിൽ നിന്ന് ഇടതു വശം നോക്കിയാൽ കാണാം മന്നവന്നുർ തടാകത്തിന്റെയും ചുറ്റുമുള്ള പുൽമേടുകളുടെയും ദൃശ്യം. വലതു വശത്തെ കുന്നിൻ മുകളിലേക്കു കയറി. കഴിഞ്ഞ തവണ വന്നപ്പോൾ അവിടെ നിന്നാണ് മന്നവന്നൂരിന്റെ വിശാല ദൃശ്യം പകർത്തിയത്. ഒന്ന് ഓഗസ്റ്റിലും ഇത്തവണ ഡിസംബറിലും. ആ വ്യത്യാസം ഉണ്ട്. ഹരിതാഭ വളരെ കുറഞ്ഞു. മഴക്കാലം കഴിഞ്ഞ ഉടനെ ആണ് പോകേണ്ടത്. 1965 ൽ സ്ഥാപിതമായ Sheep Research Center, ചെമ്മരിയാടുകൾക്കായുള്ള ഫാം എന്നിവ ഇവിടത്തെ മുഖ്യ ആകർഷകങ്ങളാണ്.

തടാകക്കരയിൽ ഇരുന്ന്, പിന്നിട്ട ദിവസങ്ങളെക്കുറിച്ചോർത്തു സമയം പോയതറിഞ്ഞില്ല. അവിടെ നിന്നും നടന്നിറങ്ങി പ്രവേശന കവാട ത്തിനടുത്തെത്തി. കൊടൈക്കനാലിൽ നിന്നുള്ള sight-seeing വാനുകളുടെയെല്ലാം യാത്ര ഇവിടെ വരെയേ ഉള്ളു. ബൈക്ക് എടുത്ത് യാത്ര തുടർന്നു. വിജനമായ വഴി. പിന്നീടങ്ങോട്ട് വിനോദ സഞ്ചാരികളെ ആരെയും കണ്ടില്ല എന്ന് തന്നെ പറയാം. കുറച്ച്‌ മുകളിലേക്ക് ചെന്നപ്പോൾ റോഡ് രണ്ടായി തിരിയുന്നു. തടിയിൽ നിർമിച്ച ചൂണ്ടു പലകയിൽ ഇടത്തേയ്ക് ബെരിജാം 9 കിലോമീറ്റർ എന്ന് എഴുതിയിരിക്കുന്നു. മന്നവന്നുർ നിന്നും ബെരിജാമിലേക്ക് ഒരു ട്രെക്കിങ് പാതയെകുറിച്ച കേട്ടിട്ടുണ്ട്. അതിന്റെ തുടക്കം ഈ ടാർ റോഡ് ആയിരിക്കും.

നേരെ തന്നെ പോയി. ഇടതു വശത്തു ഒരു താഴ് വരയും അവിടെ തട്ട് തട്ടായി തിരിച്ച കൃഷി ഭൂമിയും. ഇതാണ് കവുഞ്ചി ഗ്രാമം. പൂന്പാറയുടെ അത്രയും വലുതല്ല, അത്രയും ജനവാസവും ഇല്ല കവുഞ്ചിയിൽ. ഒരു വലിയ പ്രോജക്‌റ്റിന്റെ ഭാഗമായി ശാസ്ത്രീയമായ കൃഷി രീതികളും ജലസേചനപദ്ധതികളും ഉപയോഗിച്ച് വളർന്നു വരുന്ന ഒരു കാർഷിക ഗ്രാമമാണ് കവുഞ്ചി. വിക്രത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ "ഐ" യിലെ പല രംഗങ്ങളും ഇവിടെ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൃഷിഭൂമിയുടെ വശത്തു തന്നെ ഒരു റിസോർട്ട്. അവിടെ രണ്ടു മൂന്നു കാറുകളും കിടപ്പുണ്ട്. റോഡ് മോശമായിത്തുടങ്ങി. മുന്നോട്ട് തന്നെ പോയി. ടാർ ഇളകി മണ്ണ് നിറഞ്ഞ വഴിയിലൂടെ ഒരു പിക്ക്അപ്പ് വാൻ അവിടെയെല്ലാം പൊടി പറത്തി എന്നെ കടന്നു പോയി. കവുഞ്ചിയിൽ നിന്നും 2 കിലോമീറ്റർ കഴിഞ്ഞു കാണും, കൊടൈക്കനാലിൽ പണ്ട് വരുന്പോൾ പേരിന്റെ പ്രത്യേകത കൊണ്ട് ബസുകളുടെ ബോർഡിൽ ശ്രദ്ധിച്ചിരുന്ന ആ സ്ഥലനാമം ചൂണ്ടുപലകയിൽ കണ്ടു - പൂണ്ടി. ഈ വഴിയിലെ ഗ്രാമങ്ങളിൽ വച്ച് താരതമ്യേന ജനവാസവും വിപണികളും വലിപ്പവും ഏറ്റവും കുടുതൽ ഇവിടെയാണ്. പൂണ്ട് അഥവാ വെളുത്തുള്ളി ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാവാം ആ പേരു കിട്ടിയത്. കൊടൈക്കനാലിൽ നിന്ന് ധാരാളം ബസുകൾ ഇവിടെ വരുന്നുണ്ട്.

ഇരുവശത്തും തട്ടു തട്ടായി തിരിച്ച കൃഷിയിടങ്ങളിൽ ഈ സീസണിലും ഹരിതാഭ. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റു സ്വർണവർണമാർന്ന താഴ്‌വരയിലെ കൃഷിയിടങ്ങളുടെ അരികിൽ കളിക്കുന്ന കുട്ടികളുടെ ശബ്ദം പ്രതിധ്വനിച്ചു കേൾക്കാം. ദൂരെയെവിടെ നിന്നോ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം പോലെ തോന്നി. അതുവഴി നടന്നു വന്ന ഒരു കുട്ടിയോട് അതിനെ കുറിച്ചു ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞത് അവനോ അവൻ പറഞ്ഞത് എനിക്കോ മനസിലായില്ല.

നേരം വൈകി വരുന്നു. മുന്നോട്ടു തന്നെ പോയി. കർണാടക രജിസ്‌ട്രേഷൻ ഉള്ള രണ്ടു ഫോർച്ച്യൂണറുകൾ എതിർവശത്തു നിന്ന് വന്നു. പച്ചക്കറികൾ കൊണ്ടുപോകുന്ന പിക്കപ്പ് വാനുകളും ലോറികളും ബസും അല്ലാതെ കാണുന്ന ഇത്തരം വാഹനങ്ങൾ ശാന്തമായ ഈ ഗ്രാമങ്ങൾക്കരികിലുള്ള റിസോർട്ടുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് വിട്ട്, ശുദ്ധവായു ശ്വസിച്ച്, ശാന്തസുന്ദരമായ ഈ പ്രദേശങ്ങളിൽ ഒഴിവു ദിനങ്ങൾ ചിലവഴിക്കാനെത്തുന്നവർ..

ഒരു ചെറിയ പാലം. ഉരുളൻ കല്ലുകളിൽ തട്ടിത്തെറിച്ചൊഴുകുന്ന പൂണ്ടി ആറ് ആണ് താഴെ. പാലം കടന്നു വഴിയിൽ നിന്ന് വലത്തേക്ക് നോക്കുന്പോൾ പൂണ്ടിയുടെ വിശാല ദൃശ്യം. ഇടത്തുള്ള കൃഷിയിടങ്ങളിൽ നിൽക്കുന്നവർ ഒരു വിചിത്ര ജീവിയെ കണ്ടപോലെ പോലെ നോക്കുന്നു. ഒരു വളവു തിരിഞ്ഞ് ചെന്നതും മുൻകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ ഒരു കുതിരക്കുട്ടി വഴിയുടെ മധ്യത്തിൽ. കഷ്ടപ്പെട്ട് ചാടിച്ചാടിയാണ് അത് നടക്കുന്നത്. ഒരു വശം ചേർത്ത് അതിനെ കടന്ന് പോയി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ റോഡ് രണ്ടായി പിരിയുന്ന ഒരു കവല. അവിടെയിരുന്നവരോട് വഴി ചോദിച്ചപ്പോൾ ചൂണ്ടികാണിച്ചത് ഇടത്തേയ്ക് ഹെയർപിൻ പോലെ താഴേക്കു പോകുന്ന വഴി . അധികം പോയിട്ടുണ്ടാവില്ല, ഒരു കയറ്റം കയറി ചെന്നത് അടുത്ത കവല. വഴിയരികിലെ ബോർഡിൽ കണ്ടു - ക്ലാവര (Kilavarai). റോഡ് രണ്ടായി തിരിയുന്നു. ഇടത്തേയ്ക് തിരിയാൻ തുടങ്ങിയപ്പോൾ അവിടെ നിന്നവർ വിളിച്ചു - "പോക മുടിയാത്".

രണ്ടാം ലോക മഹായുദ്ധകാലത്തു, 1942 - ൽ ബ്രിട്ടീഷുകാരാൽ നിർമിക്കപ്പെട്ട, ബേരിജാം - ടോപ് സ്റ്റേഷൻ വഴി വെറും 81 കിലോമീറ്റർ താണ്ടി കൊടൈക്കനാലിൽ നിന്നും മൂന്നാറിലേക്കെത്താനുള്ള എസ്‌കേപ്പ് റോഡ് എന്നറിയപ്പെട്ടിരുന്ന ഒരു വനപാത 1990 - വരെ നിലനിന്നിരുന്നു. ബംഗാൾ ഉൾക്കടൽ വഴി ജാപ്പനീസ് ആക്രമണം ഉണ്ടായാൽ എളുപ്പത്തിൽ കൊച്ചി തുറമുഖത്തെത്തി ഇംഗ്ലണ്ടിലേക്കു രക്ഷപെടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു എസ്‌കേപ്പ് റോഡ്. പല കാരണങ്ങളാൽ എന്നെന്നേക്കുമായി അത് അടയ്ക്കപ്പെട്ടു. പിൽക്കാലങ്ങളിൽ ആ വഴി മണ്മറഞ്ഞു പോയി.

ആ പാതയ്ക്ക്ക് സമാന്തരമായി കൊടൈക്കനാലിൽ നിന്ന് മൂന്നാറിലെത്താനുള്ള മറ്റൊരു മാർഗം എന്ന വേണമെങ്കിൽ പറയാവുന്ന വഴിയിലൂടെയാണ് ഇത് വരെ വന്നത്. ആ പാതയുടെ ഇപ്പോൾ സഞ്ചാരയോഗ്യമായ ഭാഗം ഇവിടെ അവസാനിക്കുന്നു. ഇവിടെ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു കടവരി - കൊട്ടക്കന്പൂർ വഴി വട്ടവട വരെ. ഏകദേശം 2 വർഷം കഴിഞ്ഞിരിക്കുന്നു മൂന്നാർ - വട്ടവട - കോവിലൂർ വഴി കൊട്ടക്കന്പൂർ വരെ എത്തി തിരിച്ചു പോയ ഒരു യാത്ര. അന്ന് യാത്ര അവസാനിപ്പിച്ചിടത്തിനും ഇപ്പോൾ എത്തിയതിനും ഇടയിൽ കുറിഞ്ഞിമല ദേശീയോദ്യാനം തലയുയർത്തി നിൽക്കുന്നു. മുൻകാലങ്ങളിൽ പലരും 4WD വാഹനങ്ങളിലും ബൈക്കിലും സൈക്കിളിലും നടന്നും പോയ കഥകൾ കേട്ടിട്ടുണ്ട്. ഇന്ന് ആ വഴിയുള്ള യാത്ര സാധാരണ ഗതിയിൽ അനുവദനീയം അല്ല. കുറിഞ്ഞിമല അങ്ങനെ തന്നെ നിലനിൽക്കട്ടെ. ദേശീയോദ്യാനങ്ങളും അവിടത്തെ ആവാസ വ്യവസ്ഥയും വിനോദ സഞ്ചാരം വഴി കളങ്കപ്പെടാതിരിക്കട്ടെ.

കവലയിൽ ഇരുന്നവർക്ക് കേരള രെജിസ്ട്രേഷൻ വണ്ടി കണ്ടപ്പോൾ തോന്നിയത് അത് വഴി മൂന്നാറിൽ പോകാനെത്തിയതാണ് എന്നാണ്. ഇത്രയും വൈകി ആ വഴി പോകരുത് എന്നാണ് പറഞ്ഞത്. ഈ വഴിയിലെ മറ്റു ഗ്രാമങ്ങളിലെ പോലെ തന്നെ തട്ടു കൃഷി രീതിയാണ് ഇവിടെയും. പോലൂർ ഫാൾസ് എന്നറിയപ്പെടുന്ന ഒരു വെള്ളച്ചാട്ടം ഇവിടെ അടുത്തുണ്ടെന്ന് കേട്ടിട്ടുണ്ട്. നേരം വൈകിയത് കൊണ്ട് അവിടെ പോകാൻ കഴിഞ്ഞില്ല.

പോയ വഴി തന്നെ തിരികെ കൊടൈക്കനാലിലേക്ക്. പൂണ്ടിയും കവുഞ്ചിയും പിന്നിട്ടു മന്നവന്നുർ കഴിഞ്ഞു ചായ കുടിക്കാൻ നിർത്തി. കടയുടമ മലയാളിയാണെന്ന് മനസിലായി സംസാരിച്ചപ്പോൾ പാലക്കാടാണ് സ്വദേശം. 40 വർഷമായി ഇവിടെയാണ്. രണ്ടു മക്കൾ. മൂത്ത മകളെ വിവാഹം ചെയ്തയച്ചു. ഇളയമകൻ അവിടെയുണ്ടെന്ന് പറഞ്ഞ ചൂണ്ടിക്കാണിച്ചത് കടയുടെ അടുത്ത് തന്നെയുള്ള പുല്ലു കൊണ്ടുണ്ടാക്കിയ ഒരു കുടിലിലേക്ക്. യൂക്കാലി വാറ്റിയടുക്കുന്ന സ്ഥലമാണ്. മകൻ അതിന്റെ പണിയിലാണ്. അദ്ദേഹം ഓർക്കുകയാണ് - വർഷങ്ങൾക്ക് മുൻപ് മൂന്നാർ ഭാഗത്തു നിന്ന് നിന്ന് ദിവസേന നിരവധി ജീപ്പുകൾ ഈ വഴി കൊടൈക്കനാലിൽ പോകുന്നുണ്ടായിരുന്നു. ഇപ്പോൾ വഴിയെല്ലാം തകർന്നു. അഥവാ ജെസിബി കൊണ്ടും മറ്റും കിടങ്ങുകൾ കുഴിച്ച് തകർത്തു.

അവിടെ നിന്ന് പുറപ്പെടുന്പോൾ ഇരുൾ പരന്നു തുടങ്ങിയിരുന്നു. വിജനമായ വഴി. പൂന്പാറ എത്താറായപ്പോഴേക്കും കോട മഞ്ഞിറങ്ങി കാഴ്ചയെ മറച്ചു തുടങ്ങി. തണുപ്പ് ജാക്കറ്റിനുള്ളിലേക്ക് അരിച്ചു കയറുന്നു. നല്ല ഇരുട്ടായി. മഞ്ഞിനുള്ളിലൂടെ ഊളിയിട്ട് വിജനമായ, ഇരുളും മഞ്ഞും അവ്യക്തമാക്കിയ വഴിയിലൂടെ തണുപ്പിൽ കൊടൈക്കനാൽ എത്തിയപ്പോൾ 8 മണി കഴിഞ്ഞു. റൂമിലെത്തി വേഷം മാറി പുറത്തിറങ്ങിയപ്പോൾ തെരുവുകൾ വിജനമായിത്തുടങ്ങി. ഒരു കേരള ഹോട്ടലിൽ കയറി അത്താഴവും കഴിച്ച് മുറിയിലെത്തി ഉറങ്ങി.

അല്പം താമസിച്ചാണ് രാവിലെ ഉണർന്നത്. പുറത്തു പോയി പ്രഭാതഭക്ഷണം കഴിച്ചു. വെറും കൈയോടെ വീട്ടിൽ ചെന്ന് കയറിയാലുള്ള പുകിൽ ഓർത്തു ലേക്കിനടുത്തു പോയി കുറച്ച് ഷോപ്പിംഗ്. തിരിച്ച് റൂമിലെത്തി എല്ലാം പാക്ക് ചെയ്തു 11 മണിയായപ്പോൾ ഹോട്ടൽ checkout ചെയ്ത് ഇറങ്ങി. ഞായറാഴ്ച ആയതിനാൽ നല്ല തിരക്ക്.

തലയാർ ഫാൾസ്

ബത്തലക്കുണ്ട് എത്തിയിട്ട് NH 44 വഴി പോകാതെ ഉസ്‌ലാംപട്ടി റൂട്ടിലേക്കു തിരിഞ്ഞു. തിരക്കില്ലാത്ത റോഡിന്റെ ഇരുവശവും പാടങ്ങൾ. അകലെ അതിരിടുന്ന സഹ്യപർവതം. പലയിടത്തും വഴി വിജനം. ഇടയ്ക്കിടെ വരുന്ന വാഹനങ്ങൾ മാത്രം. ഉസ്‌ലാംപട്ടി കഴിഞ്ഞ് ഒരു തണൽ വൃക്ഷത്തിന്റെ ചുവട്ടിൽ അൽപ നേരം വിശ്രമം. പാടത്തു നിന്നും ഒരാൾ കയറിവന്ന് കേരളത്തിലേക്കാണോ, എവിടെ നിന്ന് വരുന്നു എന്നൊക്കെ കുശലാന്വേഷണം. മൊബൈൽ കൊടുത്ത് ഒരു ഫോട്ടോ എടുപ്പിച്ചു.

പെരൈയൂർ കഴിഞ്ഞ് കല്ലുപെട്ടിയിലേക്കുള്ള വഴിയിൽ മൂന്നാറിലേക്കുള്ള ഒരു തമിഴ്‌നാട് ബസ് തകരാറായി കിടക്കുന്നു. രണ്ടു ബസിൽ കൊള്ളാനുള്ള ആൾക്കാർ അടുത്ത ബസ് കാത്തു നില്കുന്നു. തമിഴ്‌നാടിന്റെ ഗ്രാമീണ ഭംഗിയിലൂടെ ഇരുവശവും ഹരിതാഭ നിറഞ്ഞ പാടങ്ങൾക്കു നടുവിലൂടെ നീണ്ടു കിടക്കുന്ന വഴിയിലൂടെ വരുന്പോൾ ശക്തമായ കാറ്റുള്ളതുകൊണ്ട് പൊരി വെയിൽ അറിഞ്ഞതേയില്ല. രാജപാളയം കഴിഞ്ഞു വഴിയരികിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഊണ് കഴിച്ചു. തെങ്കാശി, ചെങ്കോട്ട വഴി ആര്യങ്കാവ് കഴിഞ്ഞപ്പോഴേക്കും ഇരുൾ പരന്നു തുടങ്ങിരുന്നു. NH 44 - നേക്കാൾ, തിരിച്ചുള്ള യാത്രയിലെ വഴികളായിരുന്നു കൂടുതൽ മനോഹരം. കുളത്തൂപ്പുഴ വഴി രാത്രി 9 മണിയോടെ തിരുവനന്തപുരത്തെത്തി. ഉറങ്ങാൻ കിടന്നപ്പോൾ, ചെറുതെങ്കിലും 950 കിലോമീറ്റർ പിന്നിട്ട യാത്രയിലെ ദൃശ്യങ്ങൾ ഒരു ഫ്ലാഷ്ബാക്കിലെന്ന പോലെ മനസ്സിൽ തെളിയുന്നു. അടുത്ത ഏകാന്ത യാത്രവരെ അതങ്ങനെ നിൽക്കട്ടെ.

പോയ സീസൺ : ഡിസംബർ അവസാന വാരം, 2017.
റൂട്ട്: തിരുവനന്തപുരം - NH 44 - ബത്തലക്കുണ്ട് - കൊടൈക്കനാൽ - പൂന്പാറ - മന്നവന്നൂർ - പൂണ്ടി - ക്ളാവര. കൊടൈക്കനാൽ - ബത്തലക്കുണ്ട് - ഉസ്‌ലാംപട്ടി - രാജപാളയം - തെങ്കാശി - കുളത്തൂപ്പുഴ - തിരുവനന്തപുരം.
പെട്രോൾ - 2000 രൂപ.
ഹോട്ടൽ റൂം: 800 x 2 ദിവസങ്ങൾ.

2 comments:

  1. this very useful tips you were given us as a rider to the hill stations, Once I read the routes& the tips in details are much families when we trvl through these hills as familiar even didn't feel the first time rider that much closer deep in ur report.. Great job done, pls keep to rocking..

    ReplyDelete