Wednesday, February 12, 2020

കോത്തഗിരിയുടെ മാസ്മരികത

സമയം പുലർച്ചെ 5 :30 ആയിട്ടേയുള്ളു ഇരുളിൽ Hairpin വളവുകൾ താണ്ടി കോത്തഗിരിയിലെ ആ ഹോംസ്റ്റേയുടെ ഗേറ്റിൽ വണ്ടി നിർത്തുന്പോൾ. കാറിന്റെ ഡാഷിൽ പുറത്തെ താപനില 6 ഡിഗ്രി എന്ന കാണിച്ചിരിക്കുന്നു. വരുന്ന വഴിയിൽ കണ്ടിരുന്നു രാത്രിയിൽ ദൂരെ താഴ് വരയിൽ ആയിരം നക്ഷത്രങ്ങൾ വാരിവിതറിയ പോലെ പ്രകാശിക്കുന്ന മേട്ടുപ്പാളയം. വൈകിട്ടു ഓഫീസിൽ നിന്നിറങ്ങി മൈസൂർ എക്സ്പ്രസ്സിൽ എറണാകുളം എത്തി അവിടെ നിന്ന് രണ്ടു സുഹൃത്തക്കൾക്കൊപ്പം കാർ ഡ്രൈവ് ചെയ്തു വന്നത് എല്ലാ തവണത്തേയും പോലെ ഒറ്റയ്‌ക്കുള്ള ബൈക്ക് യാത്രയിൽ നിന്ന് വ്യത്യസ്തമായിട്ടാണ്.

ഗേറ്റ് തുറക്കുന്ന ലക്ഷണം കാണുന്നില്ല. ആരെയും പുറത്തേക്കും കാണുന്നുമില്ല. ഫോണിൽ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച്ഓഫ്. ആ തണുപ്പിൽ ഇറങ്ങി ഗേറ്റിൽ തട്ടി നോക്കിയിട്ടും രക്ഷയില്ല. വണ്ടിയിൽ തന്നെ ഇരുന്ന് ഉറങ്ങാനേ മാർഗമുള്ളൂ. അര മണിക്കൂർ കഴിഞ്ഞു കാണും. അവിടെ താമസിക്കുന്ന ഒരാൾ പുറത്തേക് പോകാൻ വേണ്ടി വന്നപ്പോൾ ആണ് ഗേറ്റ് തുറന്നത്. ചുറ്റും കാട്ടുപോത്തുകളുടെ വിഹാരം ആയതു കൊണ്ടാണ് ഗേറ്റ് അടച്ചിരുന്നത് എന്ന് അയാൾ പറഞ്ഞു. care taker ഉറക്കം എഴുന്നേറ്റു വരുന്നതേ ഉള്ളു. സൂര്യ രശ്മികൾ പ്രകാശം പരത്തിയപ്പോഴാണ് ചുറ്റുപാടിന്റെ മനോഹാരിത കണ്ടത്. പച്ച പരവതാനി വിരിച്ചപോലുള്ള തേയിലത്തോട്ടം. അതിൽ ഉദയകിരണങ്ങൾ സ്വർണാഭ പരത്തുന്നു. മുത്തുകൾ പോലെ മഞ്ഞിൻ തുള്ളികൾ.

Check-in ചെയ്തു വിശ്രമവും പ്രഭാത ഭക്ഷണവും കഴിഞ്ഞ് നേരെ പോയത് കോടനാട് വ്യൂ പോയിന്റിലേക്ക്. തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ മനോഹരമായ വഴി അവസാനിക്കുന്നിടത്തെ വാച്ച് ടവറുകളിൽ നിന്നു നോക്കുമ്പോൾ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന താഴ് വരകളും അതിനപ്പുറം ചെങ്കുത്തായ നീല വർണമാർന്ന മലനിരകളും. അതിനിടയിൽ തലയുയർത്തി നിൽക്കുന്ന ഐതിഹ്യങ്ങൾ ഉറങ്ങിക്കിടക്കുന്ന രംഗ സ്വാമി peak. ശക്തമായ കുളിർ കാറ്റേറ്റ് എത്രനേരം നിന്നാലും മതിവരാത്ത കാഴ്ച. Rangaswamy peak നു തൊട്ടു താഴെ നിന്ന് പതിക്കുന്ന മേടനാട് waterfalls.

അവിടെ നിന്ന് തിരിച്ച്‌ കോത്തഗിരിയിലെത്തി. അധികം തിരക്കില്ലാത്ത, തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു ചെറിയൊരു ടൗൺ. അവിടെ നിന്ന് നേരെ പോയത് Catherine Falls - ലേക്ക്. വീതികുറഞ്ഞ ചെങ്കുത്തായ ഇറക്കം ചെന്നുനിൽക്കുന്നിടത്ത് പാർക്ക് ചെയ്തു Falls View Point ലേക്ക് നടന്നു. എതിർവശത് കുറച്ചകലെയായി കീഴ്ക്ക്കാം തൂക്കായ മലമുകളിൽ നിന്നു അഗാധതയിലേക്ക് നൂൽ പോലെ പതിക്കുന്ന വെള്ളം.

തിരികെ താമസസ്ഥലത്തെത്തിയപ്പോൾ ചുറ്റുമുള്ള തേയില തോട്ടങ്ങളിൽ യഥേഷ്ടം മേയുന്ന കാട്ടുപോത്തിൻ കൂട്ടം. 15 എണ്ണത്തോളം ഉണ്ട് അതിനിടയിൽ തുള്ളിച്ചാടി നടക്കുന്ന ഒരു കുഞ്ഞ്.

തണുപ്പ് കൂടിവരുന്നു. Campfire നുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് caretakers . പെട്ടെന്നാണ് കണ്ടത്. അതിനു നേരെ മുകളിലെ കുന്നിൻ ചരിവിൽ നിന്ന് ഈ കൂട്ടത്തിന്റെ തലവൻ എന്ന തോന്നിപ്പിക്കുന്ന ഒരുവൻ കൊമ്പു കുലുക്കി തലയെടുപ്പോടെ ഇറങ്ങി വരുന്നു. (വീഡിയോ കാണുക). രൂക്ഷമായ ഒരു നോട്ടം നോക്കി ഞങ്ങളുടെ ഗേറ്റിനടുത്തു കൂടി തന്റെ വഴിയിൽ തടസമായി നിന്ന് തേയിലച്ചെടിയെ പിഴുതെറിഞ്ഞു റോഡ് മുറിച്ചു കടന്നു അവന്റെ കൂട്ടത്തിൽ ചേർന്നു.

അവിടത്തെ അതിഥികളായ രണ്ടു മലയാളി കുടുംബങ്ങൾക് വേണ്ടി രാത്രി campfire ഉണ്ടായിരുന്നു. ഞങ്ങൾ മറ്റൊരു വശത്തു കാറിൽ 90 കളിലെ കുമാർ സാനുവിന്റെയും ഉദിത് നാരായന്റെയും പാട്ടുകൾ അധികം ശബ്ദം ഉണ്ടാക്കാതെ വച്ചു പഴയ കഥകളും പറഞ്ഞിരുന്നു വൈകിയാണ് ഉറങ്ങിയത്.

പിറ്റേന്ന് വൈകിയാണ് ഉണർന്നത്. കോത്തഗിരി വിട്ടു പോകാൻ മനസ് വന്നില്ലെങ്കിലും മറ്റുള്ളവരുടെ ആഗ്രഹത്തിന് വഴങ്ങി ഊട്ടിയിലേക്ക് പോയി. പലതവണ പോയിട്ടുള്ളത് കൊണ്ടാണ് ഊട്ടിയിൽ പോകാൻ താല്പര്യം ഇല്ലാതിരുന്നത്. ജനൽ തുറന്നാൽ നീലഗിരി mountain railway പാത കാണുന്ന ഹോട്ടൽ മുറിയാണ് എടുത്തത്. അന്ന് വൈകിട്ട് ഊട്ടി lake ൽ ബോട്ടിങ്ങും നടത്തി ബൊട്ടാണിക്കൽ ഗാർഡനും കണ്ടു ടിബറ്റൻ മാർക്കറ്റിലും കയറി. എല്ലായിടത്തും തിരക്കും ബഹളവും. തിരിച്ച് ഹോട്ടലിൽ എത്തി. 6 ഡിഗ്രി ആയിരുന്നു രാത്രി ഊട്ടിയിലെ താപനില.

അടുത്ത ദിവസം മടക്ക യാത്രയിൽ അങ്കമാലിയിൽ ഇറങ്ങി. ബസിൽ എറണാകുളത്തേക്ക്. അവിടെ കുറച്ച് ഷോപ്പിംഗ് കഴിഞ്ഞ് യൂബർ ടാക്സിയിൽ നെടുന്പാശ്ശേരിയിലേത്തി. Rate കുറച്ച് കിട്ടിയത് കൊണ്ട് നേരത്തെ തന്നെ ഒരു change നായി തിരുവന്തപുരത്തേക് എയർ ഇന്ത്യയിൽ ടിക്കറ്റ് എടുത്തിരുന്നു. രാത്രിയിലെ ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക്. ശ്രീകുമാരൻ തന്പി, ഇന്നസെന്റ്, മല്ലിക സുകുമാരൻ തുടങ്ങിയവർ ഉണ്ടായിരുന്നു അതേ ഫ്ലൈറ്റിൽ. പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോൾ കോത്തഗിരിയുടെ ശാന്തതയും മനോഹാരിതയും ആ കാട്ടുപോത്തിൻ കൂട്ടങ്ങളും മനസ്സിൽ തെളിഞ്ഞു നില്കുന്നു. എവിടെ നിന്നോ കുമാർ സാനു പാടുന്നു: Sochenge thumhe pyaar….

No comments:

Post a Comment